12:42pm 21 September 2026
NEWS
കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തി; യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
05/02/2026  04:28 PM IST
nila
കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തി; യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

യുവാവിനെ കൊലപ്പെടുത്തി സംഭവം വാഹനാപകടമെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയടക്കം നാല് പേർ പൊലീസ് പിടിയിലായി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് സംഭവം. ശ്രീ ഗംഗാനഗർ സ്വദേശിയായ ആഷിഷാണ് കൊല്ലപ്പെട്ടത്. ഭാര്യ അഞ്ജു, കാമുകനായ സഞ്ജു, ഇയാളുടെ സുഹൃത്തുക്കളായ രോഹിത്തും സിദ്ധാർഥുമാണ് അറസ്റ്റിലായത്. കാമുകനൊപ്പം ജീവിക്കാനായാണ് ഭർത്താവിനെ കൊലപ്പെടുത്താൻ യുവതി തീരുമാനിച്ചത്. 

ജനുവരി 30-നാണ് സംഭവം. മൂന്നു മാസം മുൻപായിരുന്നു ആഷിഷും അഞ്ജുവും തമ്മിലുള്ള വിവാഹം. സംഭവ ദിവസം മദ്യപിച്ചിരുന്ന ആഷിഷിനെ വൈകുന്നേരം നടക്കാനിറങ്ങാമെന്ന് പറഞ്ഞ് അഞ്ജു പുറത്തേക്ക് കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. നടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇവരെ ഇടിച്ചുവീഴ്ത്തുകയും, വാഹനത്തിലുണ്ടായിരുന്നവർ ആഭരണങ്ങൾ കവർന്ന ശേഷം രക്ഷപ്പെടുകയുമായിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. അപകടത്തിൽ ഭർത്താവ് മരിച്ചുവെന്നുമായിരുന്നു യുവതിയുടെ അവകാശവാദം.

എന്നാൽ ആഷിഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം വഴിത്തിരിഞ്ഞു. വാഹനാപകടത്തിന് അനുയോജ്യമല്ലാത്ത പരുക്കുകളും അഞ്ജുവിന് ഗുരുതര പരുക്കുകളില്ലായ്മയും സംശയം ശക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിൽ അഞ്ജു കുറ്റം സമ്മതിക്കുകയായിരുന്നു. 

അയൽവാസിയായ സഞ്ജുവുമായി അഞ്ജു പ്രണയത്തിലായിരുന്നുവെന്നും വിവാഹശേഷവും ബന്ധം തുടർന്നുവെന്നും പോലീസ് വ്യക്തമാക്കി. കാമുകനൊപ്പം ജീവിക്കാനായി ആഷിഷിനെ ഒഴിവാക്കാൻ ഇരുവരും ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി ആഷിഷിന് സ്ഥിരമായി മദ്യം നൽകുകയും, രാത്രി നടക്കാൻ പോകുന്നത് പതിവാക്കുകയും ചെയ്തു. സംഭവ ദിവസം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ സഞ്ജുവും സുഹൃത്തുക്കളും ചേർന്ന് ആഷിഷിനെ ആക്രമിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് കാറിടിപ്പിച്ച് സംഭവം അപകടമെന്നു വരുത്തിത്തീർക്കുകയായിരുന്നു.

കവർച്ച നടന്നതായി തോന്നിക്കാൻ അഞ്ജു സ്വന്തം ആഭരണങ്ങൾ സഞ്ജുവിന് കൈമാറുകയും ബോധരഹിതയായതായി അഭിനയിച്ച് സ്ഥലത്ത് കിടക്കുകയും ചെയ്തു. സമീപവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ നാല് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് അമൃത ദുഹാൻ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img